District News
മണ്ണാർക്കാട്: ഉത്സവലഹരിയിലാറാടുന്ന മണ്ണാർക്കാടിന് ഇന്ന് വലിയാറാട്ട്. ഉദയര്ക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ആറാട്ടിനും ആറാട്ടുകടവിലെ കഞ്ഞിപ്പാർച്ചക്കുമായി പതിനായിരങ്ങളാണ് എത്തുക. അട്ടപ്പാടിയിലെ ഗോത്ര സമൂഹം ഒരാഴ്ച മുമ്പ് തന്നെ ക്ഷേത്രത്തിൽ തമ്പടിച്ചുകഴിഞ്ഞു. ബാക്കിയുള്ളവർ ഇന്നെത്തും. ഇതോടെ ക്ഷേത്രം ഉത്സവലഹരിയിലാറാടും.
രാവിലെ 8.30ന് ആറാട്ട് എഴുന്നള്ളിപ്പ് തുടങ്ങും. തുടർന്ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, രാവിലെ 10 മുതൽ ഒരുമണി വരെ കുന്തിപ്പുഴ ആറാട്ട് കടവിൽ കഞ്ഞിപാർച്ച എന്നിവ നടക്കും. വൈകുന്നേരം മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ഡബിൾ നാദസ്വരം, ആറിന് ഡബിൾ തായമ്പക, രാത്രി ഒമ്പതിന് പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികൾ. സമാപന ദിവസമായ നാളെയാണ് ചെട്ടിവേല നടക്കുക.
ഇന്ന് പ്രാദേശിക അവധി
മണ്ണാർക്കാട്: പൂരത്തിന്റെ വലിയാറാട്ട് ദിവസമായ ഇന്ന് മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മണ്ണാർക്കാട് പൂരത്തിന് അട്ടപ്പാടി താലൂക്കിൽ നിന്നും ആദിവാസി സമൂഹമുൾപ്പെടെ നിരവധിപേർ എത്താറുണ്ട്. ഇത് കണക്കിലെടുത്താണ് അട്ടപ്പാടി താലൂക്കിലും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചത്.
District News
മണ്ണാർക്കാട്: സംസ്ഥാനത്ത് മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് മന്ത്രി കെ. രാജൻ. 100 പ്ലസ് എംഎൽഎമാർ ഉണ്ടാവും. അതിൽ ഒരു എംഎൽഎ മണ്ണാർക്കാട്ടുനിന്നാവും. അതിനായി ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്നും കെ. രാജൻ പറഞ്ഞു.
കുമരംപുത്തൂർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചങ്ങലീരി ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ മണ്ണാർക്കാട് സ്ഥാനാർഥിയും ഉണ്ടാവും. മണ്ണാർക്കാട് തിരിച്ചുപിടിക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി ആവർത്തിച്ചു.
ബാങ്ക് പ്രസിഡന്റ് എ.കെ. അബ്ദുൾ അസീസ് അധ്യക്ഷനായി. സേഫ് റൂം ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎയും കോൺഫറൻസ് ഹാൾ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎയും നിക്ഷേപം സ്വീകരിക്കൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശിയും നിർവഹിച്ചു. സെക്രട്ടറി എൻ. സുഗന്ധി, വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ മൈലംകോട്ടിൽ, മുൻ പ്രസിഡന്റ് എൻ. മണികണ്ഠൻ, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, സംസ്ഥാന നിക്ഷേപ ഗാരന്റി ബോർഡ് അംഗം എൻ.കെ. നാരായണൻകുട്ടി, കുമരംപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഷമീർ, വാർഡംഗം കെ.പി. ഹംസ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ശ്രീഹരി, കെ.ജി. സാബു, താജുദ്ദീൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. പുരുഷോത്തമൻ, അയിലക്കര മുഹമ്മദാലി, സി. മുത്തു, എൻ. മണികണ്ഠൻ, രമേഷ് നവായത്ത്, ഉമാദേവി, ഒ.യു. സാബു, കൃഷ്ണകുമാർ പങ്കെടുത്തു.
District News
മണ്ണാർക്കാട്: അരകുർശ്ശി ഉദയർകുന്ന് ഭഗവതിയുടെ ഭക്തിനിർഭരമായ പ്രഥമ ആറാട്ടോടെ മണ്ണാർക്കാട് പൂരാഘോഷത്തിനു വർണാഭ തുടക്കം. കഴിഞ്ഞദിവസം രാത്രി 11ന് പൂരം കൊട്ടിപ്പുറപ്പെട്ടപ്പോൾ ക്ഷേത്രാങ്കണവും പരിസരവും ഭക്തിയുടെ നിറവിലായി.
പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം. പുരുഷോത്തമൻ, ട്രഷറർ എം.എസ്. വിജയൻ, ശ്രീകുമാർ കുറുപ്പ്, ഡോ. രാജൻ പുല്ലങ്കാട്ടിൽ, പി. ചന്ദ്രശേഖരൻ, പി.കെ. കൃഷ്ണദാസ്, ഗോപാലകൃഷ്ണൻ, പി.കെ. മോഹൻദാസ് തുടങ്ങിയവരുടെയും നൂറുകണക്കിന് ഭക്തരുടേയും അകമ്പടിയോടെ ദേവിയെ ആറാട്ടുകടവിലേക്കു ആനയിച്ചു.
ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന താന്ത്രിക ചടങ്ങുകൾക്കുശേഷം ക്ഷേത്രാങ്കണത്തിൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾ കൽപ്പന പുറപ്പെടുവിച്ചശേഷമാണ് ഉദയർകുന്ന് ഭഗവതിയുടെ തിടമ്പ് ആനയുടെ മുകളിലേറ്റിയത്. തുടർന്ന് ആചാര വെടിമുഴങ്ങിയതോടെ മണ്ണാർക്കാട് പൂരാഘോഷത്തിനു തുടക്കം കുറിച്ചുള്ള പുറപ്പാട് നടന്നു. രണ്ടാംപൂരം മുതൽ ചെറിയാറാട്ട് വരെ രാവിലെയും രാത്രിയിലുമായി ദേവിയുടെ ആറാട്ടെഴുന്നെള്ളിപ്പുണ്ടാകും. ഇന്നു വൈകുന്നേരം 6. 30നാണ് കൊടിയേറ്റം.
Kerala
പാലക്കാട്: മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വീട്ടിലെ വാടകക്കാരായ രണ്ടു പേർക്കും ടിപ്പർ ഡ്രൈവർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറിനാണ് അപകടമുണ്ടായത്. കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ് (33), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെനാണു പ്രാഥമിക വിവരം. പള്ളിക്കുറുപ്പ് ഭാഗത്തു നിന്നു മണ്ണാർക്കാട് ഭാഗത്തേയ്ക്കു വരുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ടു റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മുൻഭാഗം തകർന്നു.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.